ഒന്ന്: ആശാനെയും വൈലോപ്പിള്ളിയെയും കാട്ടിത്തന്ന ഗുരു- ടി പി ശിവരാമൻ


 

വൃന്ദാവനത്തിലിരുന്നു ഹലായുധൻ

ചിന്താഭിഷിക്തമാം ചിത്തമോടെ

തൻ മനോരാജ്യത്തിലെങ്ങുമേ കണ്ടീല

നൽ മരുന്നൂഴിയെ പുഷ്ടയാക്കാൻ..

കലപ്പ ആയുധമാക്കിയ ബലരാമൻ ഭൂമിയിലെ മനുഷ്യരെ വരൾച്ചയിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നു. കാളിന്ദീ നദിയെ സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് ഒഴുക്കാൻ.. പക്ഷെ കാളിന്ദിക്കു ഒരു അഭിമാനക്ഷതം..താൻ ഭൂമിയിൽ ഒഴുകുകയോ?
സൂരന് ധൂമമായ് പോവതേകാട്ടിലും
പാരിനു പങ്കമായ് പോക നൽകൂ
ബലരാമൻ പറഞ്ഞു നോക്കി..എവിടെ?
ഒടുവിൽ അങ്ങേരു ക്രുദ്ധനായി ..
വൻ കരിങ്കള്ളിയാം കാളിന്ദീ നിന്നെ ഞാൻ
എൻ കരി കൊണ്ട് വലിച്ചിഴക്കും
ഒൻപതാം ക്ലാസ്സിൽ ശിവരാമൻ സാർ വൈലോപ്പിള്ളിയുടെ ജലസേചനം എന്ന കവിത പഠിപ്പിക്കുകയാണ്..
വൈകുന്നേരം സാർ വീട്ടിലെത്തി.. എൻ്റെ വാപ്പയുടെ സുഹൃത്ത് കൂടിയാണ്.
നീ വൈലോപ്പിള്ളിയെ വായിക്കണം..മാമ്പഴവും ജലസേചനവും മാത്രം അറിഞ്ഞാൽ പോരാ...മകരക്കൊയ്ത്ത്, , കന്നിക്കൊയ്ത്ത് ......
അടുത്ത ആഴ്ച ആശാനിലേക്കാണ് ... ചിന്താവിഷ്ടയായ സീതയിലേക്ക്...ദുരവസ്ഥയെ പറഞ്ഞു സാർ അന്നത്തെ സാമൂഹ്യ വ്യവസ്ഥയിലേക്ക് കൂട്ടി കൊണ്ട് പോയി...
ഐ സി ചാക്കോയുടെ പഠനത്തിലൂടെ രാമായണത്തിലേക്ക്, പി കെ ബാലകൃഷ്ണൻ്റെ ഇനി ഞാനുറങ്ങട്ടെ വായിപ്പിച്ചു. എം ടി യുടെ നാലുകെട്ടിലേക്കും ഓ വി വിജയൻറെ ഖസാക്ക് കഥ പറഞ്ഞ തസ്രാക്കിലേൽക്കും ഒക്കെ കൂട്ടിക്കൊണ്ടു പോയി ...
എത്ര പുസ്തകങ്ങളിലേക്കാണ്.. എത്ര എഴുത്തുകാരിലേക്കാണ്.. ലൈബ്രറിയുടെ ചുമതലയുള്ള ഫിസിക്കൽ ട്രയിനിംഗ് അധ്യാപകൻ ഗോപാലകൃഷ്ണൻ നായർ സാർ ഓരോ പുസ്തകവും വായിക്കാൻ നൽകി.
പുസ്തകത്തിലേക്കു മാത്രമല്ല, എം ടി ഹരിഹരൻ ടീമിൻ്റെ പഞ്ചാഗ്നി, അറ്റൻബറോയുടെ ഗാന്ധി ഒക്കെ കാണാൻ പ്രേരിപ്പിച്ചു.
സ്കൂൾ കാലം കഴിഞ്ഞു പ്രീഡിഗ്രിക്കാലത്തും വൈകുന്നേരം സാർ താമസിക്കുന്ന പിള്ളേച്ചൻ്റെ വീട് ഒരു വിജ്ഞാന സദസായിരുന്നു. രാഷ്ട്രീയം, സാഹിത്യം, നാടകം, സിനിമ... വിഷയങ്ങളിൽ നിന്നും വിഷയങ്ങളിലേക്ക് ശിവരാമൻ സാർ കത്തിക്കയറുന്നത് ഇന്നും ഓർമ്മ.
ഒരിക്കൽ ഗഹനമായ ചർച്ച നടക്കുന്നു. സാഹിത്യത്തിലെ രാഷ്ട്രീയമാണ് വിഷയം. കൃഷ്ണൻ സാറാണ് കൂടെ താമസം. ചർച്ചയിൽ ശിവരാമൻ സാർ മതിമറന്നു ആറാടുകയാണ്. ഇതിലൊന്നും താൽപ്പര്യമില്ലാത്ത കൃഷ്ണൻ സാർ നിഷ്കളങ്കമായി "അതേ... മത്തി വറുക്കണോ, കറി വക്കണോ"
ഗൗരവ ചർച്ചയിൽ നിന്നും സദസ് ചിരിയിൽ മുങ്ങി. " ഛേ നശിപ്പിച്ചു " കൃഷ്ണൻ സാർ അടുക്കളയിലേക്ക് മുങ്ങി.
നതോന്നത വൃത്തത്തിൽ എഴുതപ്പെട്ട കരുണ വഞ്ചിപ്പാട്ട് ഈണത്തിൽ ചൊല്ലിയാൽ ആശയം ദ്യോതിപ്പിക്കില്ല.. സാർ മറ്റൊരു ഈണത്തിലാണ് അത് പഠിപ്പിക്കുക.
തഴവ എ വി എച്ച്‌ എസിൽ ആദ്യ നിയമനം കിട്ടിയ ടി പി ശിവരാമൻ എന്ന അധ്യാപകനോട് ഏറെ കടപ്പെട്ടിരിക്കുന്നു.. വായനയും എഴുത്തും എന്നിലേക്ക്‌ പകർന്ന ഗുരു ശ്രേഷ്ഠൻ
അദ്ദേഹം പ്രൊമോഷൻ കിട്ടി എ ഇ ഓ, ഡി ഇ ഓ പിന്നെ ഡി ഡി ഒക്കെ ആയപ്പോൾ ഞാൻ അദ്ദേഹത്തിന് എഴുതി.... സ്ഥാനക്കയറ്റത്തിൽ സന്തോഷം, പക്ഷെ സാറിലെ അധ്യാപകനെ കുട്ടികൾക്ക് നഷ്ടമാവുന്നല്ലോ...
ബ്യൂറോക്രാറ്റായി ആർക്കും വിലസാം...പക്ഷെ നല്ല അധ്യാപകൻ..അതൊരു സിദ്ധി തന്നെയാണ്..
ഗുരുക്കന്മാരെക്കുറിച്ചെഴുതുന്ന ഒരു പംക്തി കൂടി ആരംഭിക്കുകയാണ്. പ്രിയ ഗുരുനാഥൻ റഹിം സാറിൻ്റെ മകൻ ഷംനാദ് തയ്യാറാക്കിയ യുട്യൂബ് വീഡിയോ കണ്ടതാണ് പ്രചോദനമായത്. ഇതോടൊപ്പമുള്ള ചിത്രങ്ങൾക്കും ഷംനാദിനോട് കടപ്പാട്.
ഗുരു പർവ്വം # 1



Comments